Kerala

അതൃപ്തി പരസ്യമാക്കി യൂത്ത് ലീഗ്; വരും ദിവസങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയെന്ന് ശരീഫ് കുറ്റൂർ

മലപ്പുറം: പുതിയ യു.ഡി.എഫ് സർക്കാരിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ അതൃപ്തി കൂടുതൽ പരസ്യമാകുന്നു. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ യൂത്ത് ലീഗ് നേതൃത്വത്തിനുള്ള വിയോജിപ്പ് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ തുറന്നുപറഞ്ഞു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.

​മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും യോഗ്യതയുള്ള നിരവധി പേർ പാർട്ടിയിലുണ്ടെന്നും ശരീഫ് കുറ്റൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ അർഹതയുള്ളവരെ പരിഗണിക്കുന്ന രീതിയിൽ പാർട്ടി നേതൃത്വത്തിൻ്റെ ഭാഗത്തുനിന്ന് തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എസ്.ടി.യു തുടങ്ങിയ പോഷക സംഘടനകളിൽ നിന്നുള്ള പ്രതിഭകളെയും പാർട്ടിക്ക് വേണ്ടി ദീർഘകാലം ത്യാഗം സഹിച്ച താഴേത്തട്ടിലുള്ള പ്രവർത്തകരെയും പൂർണ്ണമായി അവഗണിച്ചു എന്നാരോപിച്ച് പാർട്ടിക്കുള്ളിൽ വലിയ രീതിയിലുള്ള പ്രതിഷേധം പുകയുന്നതിനിടെയാണ് യൂത്ത് ലീഗ് നേതാവിൻ്റെ ഈ പ്രതികരണം പുറത്തുവരുന്നത്. നേരത്തെ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയും മന്ത്രിമാരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രമേയം പാസാക്കിയിരുന്നു.

See also  സൂര്യനെല്ലിയിൽ കാട്ടാന ആക്രമണം; യുവതി കൊല്ലപ്പെട്ടു

Related Articles

Back to top button