സ്വയം ഭരണ കോളെജുകൾക്ക് പുതിയ കോഴ്സ് തുടങ്ങാനോ സീറ്റ് വർധിപ്പിക്കാനോ ഇനി അനുമതി വാങ്ങേണ്ടന്ന് സർക്കാർ; വ്യവസ്ഥകൾ ഒഴിവാക്കി

തിരുവനന്തപുരം: സ്വയം ഭരണ എയ്ഡഡ് – സ്വാശ്രയ കോളെജുകൾക്ക് അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ വർധിപ്പിക്കാനും അനുമതി നൽകി സർക്കാർ ഉത്തരവ്. സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി.
പുതിയ കോഴ്സുകൾ ആരംഭിക്കാൻ എൻഒസി വേണ്ടെന്നും സർക്കാരിനെ അറിയിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. ഓരോ വർഷവും എൻഒസി പുതുക്കണണെന്ന വ്യവസ്ഥയും ഇളവ് ചെയ്തു. മൂന്നു വർഷത്തിനൊരിക്കൽ പുതുക്കണമെന്നാക്കി.
അതേസമയം, സർക്കാരിന്റെ ഈ തീരുമാനത്തെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. സർക്കാർ തീരുമാനം സ്വയം ഭരണ കോളെജുകൾക്ക് കൊള്ളലാഭം കൊയ്യാൻ അവസരമൊരുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.
മാനേജ്മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സെപ്റ്റംബർ 11-ലെ ഉത്തരവിലെ വ്യവസ്ഥകൾ അട്ടിമറിച്ച് മാനേജ്മെന്റുകൾക്ക് മുന്നിൽ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.



