കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു; അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വർഗീസ്

കൊച്ചി മേയർ സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ടതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല. കൊച്ചി മേയർ ആകാമെന്ന് കരുതിയല്ല താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന പരാതി തനിക്കുണ്ട്. കൂടുതൽ കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ടായിരുന്നു
രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. തുല്യ വോട്ടുകൾ വന്നാൽ രണ്ട് ടേം വേണമെന്നായിരുന്നു കെപിസിസി നിർദേശം. എന്നാൽ കൂടുതൽ വോട്ടുകൾ കിട്ടിയെന്ന് പറയുന്നയാളല്ല മേയറായത്. ഒരു സ്ഥാനവും ആരും തനിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. അങ്ങനെ സ്ഥാനം പ്രതീക്ഷിച്ച് പാർട്ടിയിൽ നിൽക്കുന്ന ആളല്ല താൻ
രാഷ്ട്രീയ പ്രവർത്തനവും സംഘടന ചുമതലകളുമായി മുന്നോട്ടു പോകുമെന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. അതേസമയം ദീപ്തിക്ക് മേയർ സ്ഥാനം നിഷേധിച്ചതിനെ ചൊല്ലി കടുത്ത പ്രതിഷേധത്തിലാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ. കെപിസിസി സർക്കുലർ തെറ്റിച്ചാണ് മേയറെ തീരുമാനിച്ചതെന്ന് ദീപ്തി ഇന്നലെ ആരോപിച്ചിരുന്നു.



