മഞ്ചേരി-അരീക്കോട് റോഡിലെ നെല്ലിപ്പറമ്പിൽ ബസ് കണ്ടക്ടർ ലോറിയിടിച്ചു മരിച്ച സംഭവം: ലോറി ഡ്രൈവറുടെ പേരിൽ കേസ്

മഞ്ചേരി : റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇറങ്ങിയ സ്വകാര്യബസിലെ കണ്ടക്ടർ എതിരേവന്ന ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ലോറിഡ്രൈവർ തൃക്കലങ്ങോട് പൂളഞ്ചേരി അബ്ദുൽ അസീസിന്റെ (33) പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. അരീക്കോട്-തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് തറമണ്ണിൽ അബ്ദുൽകരീമിന്റെ മകൻ ജംഷീറാണ് (39) മരിച്ചത്.
മഞ്ചേരി-അരീക്കോട് റോഡിലെ നെല്ലിപ്പറമ്പിൽ വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു അപകടം. ഗതാഗതക്കുരുക്കിനെത്തുടർന്ന് ബസിൽനിന്ന് ഇറങ്ങിയ ജംഷീർ, എതിരേവന്ന ലോറി അരികിലേക്കുമാറ്റാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതു വാക്കേറ്റത്തിനിടയാക്കി. ഡ്രൈവർ ലോറി മുന്നോട്ടെടുത്തപ്പോൾ ജംഷീർ ലോറിക്കും ബസിനും ഇടയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ ലോറി ഡ്രൈവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
NB: ചിത്രത്തിൽ മരണപ്പെട്ട ജംഷീർ