അരീക്കോട് താലൂക്ക് ആശുപത്രിക്ക് മൂന്ന് പുതിയ ഡോക്ടർമാർ

അരീക്കോട്: കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും ഇല്ലാത്ത ഏക താലൂക്ക് ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിക്ക് മൂന്ന് പുതിയ ഡോക്ടർമാരെ നിയമിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
നവംബർ 25ന് മഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്ന് ആറ് ഡോക്ടർമാരെ നിയമിക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും ഡോക്ടർമാരുടെ സമരം കാരണം നിയമനം നടപ്പിലായില്ല. തുടർന്ന് വീണ്ടും പരാതി നൽകിയതിനെ തുടർന്നാണ് ഇപ്പോൾ മൂന്ന് പേരെ നിയമിച്ചത്.
നിലവിൽ സ്ഥലം മാറ്റം ലഭിച്ച മൂന്ന് ഡോക്ടർമാരും കാലതാമസം കൂടാതെ അരീക്കോട്ട് ചുമതലയേൽക്കണം എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ എട്ട് ഡോക്ടർമാർ ഒ പിയിൽ സേവനം ചെയ്യുന്നുണ്ട്. പുതിയ ഡോക്ടർമാരും ഒ പിയിൽ സേവനം ചെയ്യേണ്ടി വരും.
അത്യാഹിത വിഭാഗം പ്രവർത്തിക്കാൻ ആറ് ഡോക്ടർമാരും അനുബന്ധ ജീവനക്കാരും വേണം. എന്നാൽ നിലവിൽ അത്യാഹിത വിഭാഗം പ്രവർത്തിക്കാൻ സാഹചര്യം ഇല്ല. അത്യാഹിത വിഭാഗം ആരംഭിക്കാനുള്ള ഭൗതിക സാഹചര്യം ഇവിടെ ഉണ്ടെങ്കിലും ജീവനക്കാരെ നിയമിക്കാൻ ആരോഗ്യ വകുപ്പും സർക്കാറും തയ്യാറാകാത്തത് കാരണം അത്യാഹിത വിഭാഗം ആരംഭിക്കൽ നീണ്ടുപോകുകയാണ്.