മുക്കം മാമ്പറ്റയിൽ യുവതിക്ക് നേരെ നടത്തിയ ഹീനമായ ആക്രമണം: വെൽഫെയർ പാർട്ടി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

മുക്കം: മാമ്പറ്റയിൽ സംഘം ചേർന്ന് യുവതിയെ ഹീനമായി ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റി മുക്കം പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലൂരുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സ്ത്രീ സുരക്ഷ ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനേന വർധിച്ചു കൊണ്ടിരിക്കുമ്പോൾ പോലീസ് നിസംഗമായി നോക്കി നിൽക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി. യുവതിക്ക് നേരെ നടത്തിയ ഹീനമായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. പ്രതികൾക്ക് നേരെ കർശനമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. വുമൺ ജസ്റ്റിസ് മൂവ്മെന്റ് തിരുവമ്പാടി മണ്ഡലം കൺവീനർ നദീറ ഇ. എൻ സംസാരിച്ചു. മുൻസിപ്പൽ സെക്രട്ടറി കൗൺസിലർ ഗഫൂർ മാസ്റ്റർ സ്വാഗതവും, മണ്ഡലം കമ്മിറ്റി അംഗം ഇ. കെ. കെ ബാവ നന്ദിയും പറഞ്ഞു. പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. ഗഫൂർ പൊറ്റശ്ശേരി, നൗഷാദ് ടി. കെ, സലീന എന്നിവർ നേതൃത്വം നൽകി
ഫോട്ടോ : വെൽഫെയർ പാർട്ടി പോലീസ് സ്റ്റേഷൻ മാർച്ച് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി ഉദ്ഘാടനം ചെയ്യുന്നു