Local

വന്യജീവി ആക്രമണം; രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്

മലപ്പുറം: സംസ്ഥാനത്ത് വന്യജീവി ആക്രമണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല പട്രോളിംഗുമായി വനംവകുപ്പ്. വേനൽ കടുത്തതോടെ ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലെത്താനുള്ള സാഹചര്യം മുൻനിറുത്തിയാണ് പട്രോളിംഗ് ആരംഭിച്ചത്. രാത്രി 10 മുതൽ പുലർച്ചെ രണ്ടര വരെ നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ ഓഫീസുകളുടെ നേതൃത്വത്തിൽ പ്രത്യേകം ടീമുകളായി തിരിച്ചാണ് പട്രോളിംഗ്. മലയോര മേഖലകളിൽ വന്യജീവികളുടെ സാന്നിദ്ധ്യം വേഗത്തിൽ തിരിച്ചറിയാനും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയുമാണ് ലക്ഷ്യം. ആറ് പേരെങ്കിലും അടങ്ങിയ സംഘം വനംവകുപ്പിന്റെ തന്നെ വാഹനത്തിൽ വന്യജീവികളെത്താൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനെത്തും. രാത്രികാല പട്രോളിംഗ് ജനുവരി മുതലാണ് സജീവമാക്കിയത്.

ജില്ലയിൽ വന്യമൃഗ ശല്യം കൂടുതലുള്ളത് വഴിക്കടവ് മേഖലയിലാണ്. വനമേഖലയുമായി അതിർത്തി പങ്കിടുന്ന മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് വന്യജീവി ആക്രമണം കാര്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ജില്ലയിൽ വന്യജീവി ആക്രമണത്തിൽ അഞ്ച് വർഷത്തിനിടെ 64 പേർ മരിക്കുകയും 343 പേർക്ക് പരിക്കേൽക്കുകയുംചെയ്തിട്ടുണ്ട്. ആനയ്ക്ക് പുറമേ നാടുകാണി ചുരത്തിന്റെ ഒന്നാംവളവിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതും നാട്ടുകാരെ ഭീതിയിലാക്കിയിരുന്നു.

 

വന്യജീവി പ്രതിരോധത്തിനായി നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിലായി 64.25 കിലോമീറ്റർ ദൂരത്തിലുള്ള ഹാങ്ങിംഗ് ഫെൻസിംഗിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ജനവാസ മേഖലയിൽ വന്യജീവികൾ പ്രവേശിക്കുന്നത് തടയാനായി നിർമ്മിച്ച സോളാർ വേലികൾ മരക്കൊമ്പുകൾ പൊട്ടിയും വള്ളികൾ പടർന്നും നശിച്ചതോടെയാണ് ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കുന്നത്. പ്രത്യേക രീതിയിൽ വൈദ്യുതി കമ്പികൾ തൂക്കിയിടുന്ന രീതിയാണ് ഹാങ്ങിംഗ് ഫെൻസിംഗ്. തൂക്കിയിടുന്ന വൈദ്യുതി കമ്പികളിൽ തട്ടുന്നതോടെ ആനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ഇത് മറികടക്കാനുള്ള ശ്രമം ഉപേക്ഷിക്കും.

See also  എയ്ഡ്സ് വിരുദ്ധ ക്യാമ്പയിൻ നടത്തി

Related Articles

Back to top button