ഇൻഫോസിസിന്റെ പരിശീലന പരിപാടി നടത്തി

മുക്കം: വിദ്യാർത്ഥികളുടെ കരിയർ സന്നദ്ധത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ഇൻഫോസിസിനുമായി ചേർന്ന് പ്രോജക്ട് ജെനസിസിന് കീഴിൽ വിദ്യാർഥികൾക്കായി 15 ദിവസത്തെ സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റും, ആപ് റ്റിറ്റ്യൂഡ് പരിശീലനവും വിജയകരമായി സംഘടിപ്പിച്ചു. ജൂലൈ 7 മുതൽ 23 വരെ ആയിരുന്നു ഈ പരിശീലനം. വിദ്യാർഥികളെ ക്യാമ്പസ് റിക്രൂട്ട്മെന്റിനും കോർപ്പറേറ്റ് ലോകത്തിന് ഒരുക്കുന്നതിനും, ഇന്നത്തെ മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ തൊഴിൽ ആവശ്യമായ സോഫ്റ്റ് സ്കില്ലുകളും, പ്രൊഫഷണൽ കഴിവുകളും വളർത്തിയെടുക്കുന്നതിനായിരുന്നു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ട്രെയിനിങ് പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം കോളേജിന്റെ പ്രിൻസിപ്പാൾ ഫാ.ഡോ. ജോബി എം അബ്രഹാം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീമതി. ജിജി ജോർജ് പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. പ്ലേസ്മെന്റ് ഓഫീസർ നീതു ജോസ് നന്ദി അർപ്പിച്ചു. ഇൻഫോസിസ് കമ്പനിയിൽ നിന്നുള്ള നൈപുണ്യ വികസനത്തിലും കോപ്പറേറ്റീവ് പരിശീലനത്തിലും പരിചയസമ്പന്നരായ പ്രമുഖ പരിശീലകരായ സെൽവി കണ്ഠ സ്വാമിയും, വിഷ്ണുപ്രസാദുമാണ് പരിശീലനം നയിച്ചത്. വിദ്യാർത്ഥികൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ച ഈ പരിശീലനം അവരുടെ ഭാവി തൊഴിൽ സാധ്യതകളെ ശക്തിപ്പെടുത്തുന്നതായി കോളേജ് അധികൃതർ അറിയിച്ചു. വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ ഡോൺ ബോസ്കോ കോളേജും ഇൻഫോസിസും തമ്മിലുള്ള വിശാലമായ സഹകരണത്തിന്റെ ഭാഗമായാണ് ഈ പരിശീലന പരിപാടി നടന്നത്.