അവധിക്കാല വായനയ്ക്ക് പുസ്തകങ്ങൾ കൈമാറി

ഊർങ്ങാട്ടിരി : അവധിക്കാല വായനോത്സവത്തിന്‍റെ ഭാഗമായി കുട്ടികൾക്ക് അവധിക്കാല വായനയ്ക്കുള്ള പുസ്തകങ്ങൾ വീട്ടുമുറ്റത്തെത്തിച്ച് പൂവത്തിക്കല്‍ ഊര്‍ങ്ങാട്ടിരി എ.എൽ.പി.സ്കൂൾ. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളിൽ അവധിക്കാല വായനയ്ക്ക് അവസരമൊരുക്കുന്നതിനുള്ള ‘മലയാള മധുരം’ പദ്ധതിയുടെ ഭാഗമായാണ് മാമ്പഴക്കാലം അവധിക്കാല വായനോത്സവ പുസ്തക വിതരണം പരിപാടി സംഘടിപ്പിച്ചത്. ‘എലി വാല് പുലിവാല്, മീശ, ഡ്രോണ്‍ ഡ്രോണ്‍ ഡൗണ്‍ ഡൗണ്‍, ഇനി പാലുവേണ്ടമ്മേ, പൂച്ചക്കുറിഞ്ഞ്യാര്, ഞാന്‍ കുഞ്ഞിമൂശ, മുയലിന് തുമ്മല് പിടിച്ച കഥ തുടങ്ങി നിരവധി പുസ്തകങ്ങളാണ് വായനോത്സവത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ചൂളാട്ടിപ്പാറ അങ്ങാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കൃഷ്ണന്‍ കെ. ചാലില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം നല്‍കി മാമ്പഴക്കാലം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷാഫി എം പുസ്കവണ്ടി ഫ്ലാഗ്ഓഫ് ചെയ്തു. സ്കൂളിലേയ്ക്ക് മക്കള്‍ വരുന്ന 14 കേന്ദ്രങ്ങളിലൂടെ പുസ്തക വണ്ടി പ്രയാണം നടത്തി. രക്ഷിതാക്കള്‍ക്ക് സ്കൂളിലെത്തി പുസ്തകം വാങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുസ്തക വണ്ടി എന്ന ആശയം മുന്നോട്ട് വെച്ചത്. അധ്യാപകരായ പ്രതിഭ പികെ, ഷീല വി പിടിഎ അംഗങ്ങളായ രാജന്‍ എ.കെ, ഷൈജു എസ്, സജീര്‍ എസ്, പരമേശ്വരന്‍ എന്നവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഒന്നാം ക്ലാസ് അധ്യാപകരായ സൂരജ്, ശ്രീലത എന്നിവര്‍ പുസ്തക വണ്ടിയിലെ പുസ്തക വിതരണത്തിന് നേതൃത്വം നല്‍കി.