National

സംസ്ഥാന സാമ്പത്തിക പ്രതിസന്ധി: അധിക വിഭവ സമാഹരണത്തിന് വിദ​ഗ്ധ സമിതി

തിരുവനന്തപുരം : സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിനുള്ള പുതിയ നീക്കവുമായി ധനവകുപ്പ്. ഇതിനായി 14 അംഗ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാന ധനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയിൽ ദേശീയ തലത്തിലെ വിദ​ഗ്ധരും ഉൾപ്പെടുന്നു.

ജിഎസ്ടി നടപ്പിലാക്കിയ ശേഷം സംസ്ഥാനത്തിന് അധിക വിഭവ സമാഹരണത്തിനുള്ള മാർഗ്ഗങ്ങൾ കുറവാണ്. സാമൂഹിക മേഖലകളിലെ ചെലവ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 2024-25 ബജറ്റിനായി നൂതന വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. സമിതി റിപ്പോർട്ട് നൽകിയതിന് ശേഷം പുതിയ നടപടികൾ സ്വീകരിക്കും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സർക്കാർ 800 കോടി കൂടി കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള കടപ്പത്ര ലേലം ജനുവരി 9ന് നടക്കും. വികസന പദ്ധതികൾക്ക് വേണ്ടിയാണ് കടമെടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷം 6000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതിയുണ്ടെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.

സംസ്ഥാനത്തെ വികസന പദ്ധതികൾ സാമ്പത്തിക പ്രതിസന്ധി മൂലം സ്തംഭനത്തിലാണ്. 52 ഭരണവകുപ്പുകളിലായി 230 നിർവഹണ ഏജൻസികളും 1034 തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ ചെലവ് 2024ലേക്ക് കടന്നിട്ടും പകുതി പോലും എത്തിയിട്ടില്ല. ആകെ ചെലവഴിച്ചത് 47 ശതമാനം തുക മാത്രമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ 48.22 ശതമാനവും വകുപ്പുകൾ 48.01 ശതമാനവുമാണ് ചെലവഴിച്ചത്. സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതി പൂർണ്ണമായും സ്തംഭിച്ചു. ആകെ ചെലവഴിച്ചത് 3.17 ശതമാനം മാത്രമാണ്. നഗരപ്രദേശത്ത് 3.97 ശതമാനവും ഗ്രാമ പ്രദേശത്ത് 2.17 ശതമാനവുമാണ് പദ്ധതി ചെലവ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ നടത്തുന്ന നടപടികൾ ഫലപ്രദമാകുമോ എന്ന് കാത്തിരുന്ന് കാണാം.

See also  സൈനിക വാഹനം മറിഞ്ഞ് അഞ്ച് ജവാന്മാര്‍ക്ക് ദാരുണാന്ത്യം

Related Articles

Back to top button