National

മലപ്പുറത്ത് അപ്രതീക്ഷിത മഴ: 50 ഏക്കർ നെൽകൃഷി നശിച്ചു

മലപ്പുറം: ന്യൂന മർദ്ദ പാത്തിയുടെ സ്വാധീനത്താൽ ജനുവരി ഒന്ന് മുതൽ ആറ് വരെ മലപ്പുറം ജില്ലയിൽ ലഭിച്ചത് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി മഴ. 27.7 മില്ലീമീറ്റർ മഴയോടെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച പുതുവർഷാരംഭം കൂടിയായി ഇത്തവണ. സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളിലെല്ലാം ഇക്കാലയളവിൽ അധിക മഴ ലഭിച്ചിട്ടുണ്ട്.

എന്നാൽ, ഈ അപ്രതീക്ഷിത മഴ നെൽകർഷകർക്ക് തിരിച്ചടിയായി. കൊയ്ത്തിന് പാകമായ 50 ഏക്കറോളം നെൽകൃഷി വിവിധയിടങ്ങളിൽ വെള്ളം കയറി നശിച്ചു. കണക്കുകൾ കൃഷി വകുപ്പ് മുഖേന ക്രോഡീകരിച്ച് വരുന്നേയുള്ളൂ എന്നതിനാൽ നാശനഷ്ടതോത് ഉയരാനാണ് സാദ്ധ്യത. പള്ളിക്കൽ പുത്തൂർ പാടശേഖരത്തിൽ മാത്രം ഏഴ് ഏക്കറോളം നെൽ കൃഷി നശിച്ചിട്ടുണ്ട്. കറ്റ മെതിച്ച് പാടത്ത് തന്നെ നെല്ല് കൂട്ടിയിട്ട കർഷകർ മഴ പെയ്തതോടെ നെല്ല് മുളച്ച് നശിക്കുമോയെന്ന ആധിയിലാണ്.

ഇന്നലെ ജില്ലയിൽ നേരിയ മഴ ഉണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നെങ്കിലും പൊന്നാനി, നിലമ്പൂർ, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കരിപ്പൂർ എന്നിവിടങ്ങളിൽ മഴ രേഖപ്പെടുത്തിയിട്ടില്ല. അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലയിൽ മഴ മുന്നറിയിപ്പുകളില്ല. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മാറി നിന്നതോടെ ജില്ലയിൽ ചൂടും കൂടി. കരിപ്പൂരിൽ ഇന്നലെ 30 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

See also  ദേശീയഗാനം ആദ്യം ആലപിച്ചില്ല: തമിഴ്‌നാട് നിയമസഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോയി

Related Articles

Back to top button