National

ചിക്കൻ വില കുതിച്ചുയരുന്നു, ഒരു മാസത്തിനിടെ കൂടിയത് 50 രൂപയിലധികം

മലപ്പുറം : സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. ചിക്കൻ കുറവാണെങ്കിൽ ഉരുളക്കിഴങ്ങിട്ട് കറി വയ്ക്കുന്നൊരു പതിവുണ്ട്. അങ്ങനെയെന്തെങ്കിലും ആശയം ആലോചിക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട് ഇറച്ചി വില. ഒരു മാസം മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് വിലയിപ്പോൾ 240 ലെത്തി.

കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകൾ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും പല ഫാമുകളും കോഴികളുടെ എണ്ണം പാതിയോളമാണ് കുറച്ചത്. വില കൂടിയതോടെ കടകളിൽ ഇറച്ചി വിൽപന കുത്തനെ ഇടിഞ്ഞു.

സ്ഥിതി മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കുന്നതും വില കൂടാൻ കാരണമായെന്ന് കച്ചവടക്കാർ പറയുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ ചൂടുകാലത്തെ ചിക്കൻ കറിയ്ക്ക് എരിവിത്തിരി കൂടും. വരാനിരിക്കുന്നത് റംസാൻ കാലമാണ്. ഉത്പാദനം കൂടിയില്ലെങ്കില്‍ ഇറച്ചിവില ഇനിയും കൂടാനാണ് സാധ്യത.

See also  ലാഭം 40 ഇരട്ടിയായി; പക്ഷേ ഫോണ്‍ പേയില്‍ തൊഴില്‍ നഷ്ടമായത് 60 ശതമാനം ജീവനക്കാര്‍ക്ക്

Related Articles

Back to top button