മൈസൂരു – മലപ്പുറം ഇടനാഴി ഭാരത്‌മാലയ്‌ക്ക് പുറത്ത്

മലപ്പുറം : അങ്കമാലി- തിരുവനന്തപുരം ഗ്രീൻഫീൽഡ് ഹൈവേക്കു പുറമേ, മൈസൂരു- മലപ്പുറം ഇടനാഴിയും കേന്ദ്രത്തിന്റെ ഭാരത്‌മാല പദ്ധതിക്ക് പുറത്ത്. കാലാവധി കഴിഞ്ഞവയുടെ പുനർവിജ്ഞാപനം ഉടൻ വേണ്ടെന്നാണ് ദേശീയപാത അതോറിട്ടിയുടെ തിരുമാനം. പുതിയ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനങ്ങളിലാണ് ഇക്കാര്യമുള്ളത്.മുൻഗണന പദ്ധതികൾക്കായി കേന്ദ്രം ഫണ്ട് വകമാറ്റിയതാണ് മൈസൂരു-മലപ്പുറം ഹൈവേയെ ഭാരത്‌മാലയ്‌ക്കു പുറത്താക്കിയത്. ഭാരത്‌മാലയിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ദേശീയപാത വിഭാഗം മൂന്നുമാസം മുൻപ് കേന്ദ്രത്തിനു കത്തയച്ചെങ്കിലും തീരുമാനമായില്ല. ഇതും അങ്കമാലി- തിരുവനന്തപുരം ഗ്രീൻഫീൽഡ് ഹൈവേയും ദേശീയപാത തനത് (എൻ.എച്ച് ഒറിജിനൽ) പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.ഭാരത്‌മാല പദ്ധതിയിലുള്ള വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ് റോഡ്, കൊല്ലം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ, അങ്കമാലി- കുണ്ടന്നൂർ (എറണാകുളം ബൈപാസ്) എന്നിവയുടെ നിർമ്മാണ കരാറിൽ സംസ്ഥാനം ഒപ്പിട്ടിരുന്നില്ല. അതിനാൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചശേഷം ഭൂമി ഏറ്റെടുത്താൽ മതിയെന്നാണ് കേന്ദ്ര നിർദ്ദേശം. ഔട്ടർ റിംഗ് റോഡിനുൾപ്പെടെ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച 3എ വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഭാരത്‌മാലയിലുള്ള കൊച്ചി- തേനി പദ്ധതിക്ക് ഭൂമി ഏറ്റെടുത്തിട്ടില്ല.