Kerala

പാലക്കാട് ദുരന്തം: മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം നാലായി

ബസ് കാത്തിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് നിയന്ത്രംവിട്ടെത്തിയ ലോറി പാഞ്ഞുകയറിയുണ്ടായ ഞെട്ടിക്കുന്ന അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മറിഞ്ഞ ലോറിക്കടിയില്‍ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കൂടി ലഭിച്ചെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

മരിച്ചവരെല്ലാം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്. അപകടത്തില്‍ ലോറി ഭാഗികമായി തകര്‍ന്നു. അപകടം നടന്നയുടന്‍ പരിസരത്തുണ്ടായിരുന്ന നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറുകയായിരുന്നു. ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. എല്ലാവരേയും ആശുപത്രികളിലേക്ക് മാറ്റി. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. സിമന്റുമായി മണ്ണാര്‍കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിനിടയാക്കിയത്. മഴയില്‍ നനഞ്ഞ റോഡില്‍ നിയന്ത്രണം നഷ്ടമായ ലോറി കുട്ടികള്‍ക്കിടയിലേക്ക് അതിവേഗം പാഞ്ഞുകയറുകയായിരുന്നു.

The post പാലക്കാട് ദുരന്തം: മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം നാലായി appeared first on Metro Journal Online.

See also  മുന്നറിയിപ്പുകൾ അവഗണിച്ചു: വയനാട് ദുരന്തത്തിൽ അമികസ് ക്യൂറി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി

Related Articles

Back to top button