National

അദാനിക്ക് വീണ്ടും തിരിച്ചടി; കൈക്കൂലി ആരോപണത്തില്‍ മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉത്തരവിട്ട് ന്യൂയോര്‍ക്ക് കോടതി

ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. അദാനി ഉള്‍പ്പെട്ട 265 മില്യണ്‍ യുഎസ് ഡോളര്‍ കൈക്കൂലി ആരോപണത്തില്‍ നിലവിലുള്ള മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. സംയുക്ത വിചാരണയില്‍ കേസുകള്‍ ഒരുമിച്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സൗരോര്‍ജ കരാറുകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ 2,200 കോടി രൂപ കോഴ നല്‍കിയെന്ന കേസിലാണ് നിലവിലുള്ള മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടത്. അദാനിക്കെതിരായ ക്രിമിനല്‍ കേസ്, സിവില്‍ കേസ്, മറ്റ് പ്രതികള്‍ക്കെതിരായ സിവില്‍ കേസ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ഇതോടെ കേസുകളില്‍ സംയുക്ത വിചാരണ നടത്താമെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ഒരുമിച്ച് ടാഗ് ചെയ്ത കേസുകളില്‍ ജുഡീഷ്യല്‍ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പരവിരുദ്ധമായ ഷെഡ്യൂളുകള്‍ ഒഴിവാക്കുന്നതിനുമാണ് തീരുമാനമെന്ന് കോടതി പറഞ്ഞു. അതേസമയം കേസുകള്‍ പ്രത്യേകമായി നിലനില്‍ക്കും എന്നും കോടതി ഓര്‍മിപ്പിച്ചു. എല്ലാ കേസുകളും അദാനിക്കെതിരായ ക്രിമിനല്‍ കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ജില്ലാ ജഡ്ജി നിക്കോളാസ് ജി ഗരൗഫിസിനെ ഏല്‍പ്പിക്കും. കേസുകളുടെ പുനര്‍വിന്യാസം നടത്താന്‍ കോടതി ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 12ന് ഈസ്റ്റേന്‍ ഡിസ്ട്രിക്ട് ന്യൂയോര്‍ക്ക് കോടതി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് വിശദാംശങ്ങള്‍ പരസ്യമാക്കിയത്.

സൗരോര്‍ജ പദ്ധതിയുടെ പേരില്‍ കോഴ വാങ്ങല്‍, ഗൂഢാലോചന, അന്വേഷണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ കൂട്ടുപ്രതികള്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. 2020നും 24നും ഇടയില്‍ അദാനിയും കൂട്ടാളികളും രണ്ട് ബില്യണ്‍ ഡോളറില്‍ അധികം ലാഭമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച സൗരോര്‍ജ കരാറുകള്‍ക്കായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതായി യുഎസ് പ്രോസിക്യൂട്ടര്‍ ആരോപിച്ചിരുന്നു. മാത്രമല്ല ഫണ്ട് സ്വരൂപിച്ച യുഎസ് ബാങ്കുകളില്‍ നിന്നും നിക്ഷേപകരില്‍ നിന്നും വസ്തുത മറച്ചു വെച്ചതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചു. അതേസമയം, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.

The post അദാനിക്ക് വീണ്ടും തിരിച്ചടി; കൈക്കൂലി ആരോപണത്തില്‍ മൂന്ന് കേസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉത്തരവിട്ട് ന്യൂയോര്‍ക്ക് കോടതി appeared first on Metro Journal Online.

See also  ഇതിഹാസ പോരാട്ടമാണ് നടത്തിയത്; ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Related Articles

Back to top button