Gulf

കണ്ടല്‍കാടുകള്‍ക്ക് നടുവില്‍ ബോട്ടിലിരുന്ന് സിനിമ ആസ്വദിക്കാന്‍ സൗകര്യവുമായി ഉമ്മുല്‍ഖുവൈന്‍

ഉമ്മുല്‍ഖുവൈന്‍: തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അന്തരീക്ഷം ഒരുക്കി സന്ദര്‍ശകരെയും താമസക്കാരെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഉമ്മുല്‍ഖുവൈന്‍. മറ്റൊന്നുമല്ല, ചലിക്കുന്ന ബോട്ടില്‍ ഇരുന്ന് കണ്ടല്‍ക്കാടുകളുടെ വന്യതക്ക് നടുവില്‍ ആകാശത്തെ നക്ഷത്രങ്ങളെ വീക്ഷിച്ചുകൊണ്ട് സിനിമ കാണാനുള്ള ഒരു അവസരമാണ് ഉമ്മുല്‍ഖുവൈന്‍ ഒരുക്കിയിരിക്കുന്നത്.

അടുത്തമാസം 14ന് വീണ്ടും ഒരു വാലന്റൈന്‍സ് ഡേ കടന്നുവരുമ്പോള്‍ പ്രേമഭാജനങ്ങള്‍ക്കും സ്വന്തക്കാര്‍ക്കും ഭാര്യക്കും മക്കള്‍ക്കുമൊപ്പം വ്യത്യസ്തമായ ഒരു അന്തരീക്ഷത്തില്‍ ഒരു സിനിമയും കണ്ട് ഓളങ്ങളോട് കിന്നാരംപറഞ്ഞ് കുറച്ചു സമയം തീര്‍ത്തും സ്വകാര്യമായി ചെലവഴിക്കണമെന്ന് ആരെങ്കിലും കരുതിയാല്‍ അവര്‍ക്കുള്ള ഏറ്റവും പറ്റിയ ഇടമാണിത്. ഉമ്മുല്‍ഖുവൈനിലെ ഫ്‌ളോട്ട് സിനിമ ആന്റ് കഫേയാണ് ഇത്തരം ഒരു അന്തരീക്ഷം സൃഷ്ടിച്ച് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ജന്മദിനമോ, വിവാഹ വാര്‍ഷികമോ പോലുള്ള അവസരങ്ങളില്‍ നിങ്ങള്‍ക്ക് ഒരു കെയ്ക്ക് ആവശ്യമെങ്കില്‍ മുന്‍കൂട്ടി പറഞ്ഞാല്‍ അതും ഇവിടുത്തെ ജോലിക്കാര്‍ തയാറാക്കി നല്‍കും. ഉമ്മുല്‍ഖുവൈനില്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമെല്ലാം നിറഞ്ഞ മേഖലയിലാണ് പ്രകൃതിയെ അറിഞ്ഞു കാപ്പി കുടിക്കാന്‍ ഉതകുന്ന കണ്ടലുകള്‍ക്കിടയിലെ കോഫിഷോപ്പും കൂടുതല്‍ വര്‍ണാഭമായ രാവ് ആഗ്രഹിക്കുന്നവര്‍ക്ക് ബോട്ട് ജെട്ടിയിലൂടെ അല്‍പദൂരം നടന്ന് ബോട്ടില്‍ ഇരുന്ന് സിനിമ കാണാനുള്ള അവസരവും ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ ജലാശയത്തില്‍ സ്ഥാപിച്ച വലിയ എല്‍ഇഡി സ്‌ക്രീനിലാണ് സിനിമകള്‍ ഓടുന്നതെന്നതിനാല്‍ ചുറ്റും സഞ്ചരിക്കുന്ന ബോട്ടുകളില്‍നിന്നെല്ലാം ഈ സ്‌ക്രീനിലേക്ക് ശ്രദ്ധയെത്തുംവിധമാണ് സംവിധാനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

See also  ദേശീയ ദിനാഘോഷ നിറവില്‍ കുവൈത്ത് - Metro Journal Online

Related Articles

Back to top button