World

റമദാനില്‍ ഗാസയില്‍ ആശ്വാസം; താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേൽ

തെൽ അവീവ്: റംസാൻ, പെസഹാ അവധി ദിവസങ്ങളിൽ ഗാസയിൽ താൽക്കാലിക വെടിനിർത്തൽ എന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നിർദേശം അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെടിനിർത്തലിന്‍റെ ആദ്യ ഘട്ടം അവസാനിച്ച സാഹചര്യത്തിലാണ് റമദാൻ പരിഗണിച്ച് അടുത്ത ഘട്ട താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചത്. ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന ആദ്യ ഘട്ട വെടിനിർത്തൽ ശനിയാഴ്‌ച അവസാനിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാൻ ട്രംപ് തെരഞ്ഞെടുത്ത പ്രതിനിധിയാണ് സ്റ്റീവ് വിറ്റ്കോഫ്. വെടിനിര്‍ത്തലിന്‍റെ നിര്‍ദേശം ഇദ്ദേഹമാണ് മുന്നോട്ട് വച്ചത്.

‘മാർച്ച് അവസാനത്തോടെ അവസാനിക്കുന്ന റമദാൻ കാലയളവിലേക്കും, ഏപ്രിൽ പകുതിയോടെ ആചരിക്കുന്ന എട്ട് ദിവസത്തെ ജൂത പെസഹാ ആഘോഷമായ പെസാക്കിലേയ്ക്കുമായി താൽക്കാലിക വെടിനിർത്തലിനായി യുഎസ് പ്രസിഡന്‍റിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ പദ്ധതി ഇസ്രയേൽ അംഗീകരിക്കുന്നു’ എന്ന് നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റമദാനില്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ പ്രാർഥനയോടെയും ഉപവാസത്തോടെയും മുന്നോട്ട് പോകുകയാണ്. എന്നാല്‍, ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ സ്ഥിതി രൂക്ഷമാണ്. റമദാനിലും വ്യോമാക്രമണം ഭയന്നാണ് പലസ്ഥീൻ ജനത കഴിയുന്നതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേലും ഹമാസും തമ്മിലുള്ള ചർച്ചകളില്‍ പുരോഗതയില്ലെന്നും സ്ഥിരമായ വെടിനിർത്തലിന്‍റെ നിബന്ധനകളിൽ ഉടനടി യോജിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒരു താൽക്കാലിക നടപടി എന്ന നിലയിലാണ് അമേരിക്കയുടെ നിര്‍ദേശം അംഗീകരിക്കുന്നതെന്നും നെതന്യാഹുവിന്‍റെ ഓഫിസ് വ്യക്തമാക്കി.

സ്ഥിരമായ വെടിനിർത്തലിനെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് മനസിലാക്കിയതിനെത്തുടർന്നാണ് അമേരിക്കൻ പ്രതിനിധി വിറ്റ്കോഫ് നിലവിലെ വെടിനിർത്തൽ നീട്ടാനുള്ള നിർദേശം മുന്നോട്ടുവച്ചത്. താല്‍ക്കാലിക കരാര്‍ ഹമാസ് സമ്മതിച്ചാൽ ഇസ്രയേൽ ഉടൻ തന്നെ ചർച്ചകൾ നടത്താൻ തയ്യാറാണെന്നും നെതന്യാഹുവിന്‍റെ ഓഫിസ് അറിയിച്ചു.

അതേസമയം, ആദ്യ ഘട്ട വെടിനിര്‍ത്തലിലെ കരാറിന്‍റെ ഭാഗമായി ഇരുപക്ഷവും ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹമാസ് ബന്ദികളെ വിട്ടയക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ യുദ്ധം ആരംഭിക്കുമെന്ന് നെതന്യാഹുവും അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ റമദാനും, വരുന്ന ജൂത പെസഹാ ആഘോഷവും കണക്കിലെടുത്താണ് താല്‍ക്കാലിക വെടിനിര്‍ത്തലിന് നെതന്യാഹുവിന്‍റെ ഓഫിസ് സമ്മതിച്ചത്

See also  അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പ്; ഇസ്രയേലിനെ സഹായിക്കരുത്: സഹായിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ

Related Articles

Back to top button