വീണ്ടും മണിപ്പുരിൽ സംഘർഷം; ഒരു മരണം: 25 പേർക്ക് പരുക്ക്

ഇംഫാൽ: റോഡിലെ തടസങ്ങൾ നീക്കി ഗതാഗതം സാധാരണ നിലയിലാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തിനു പിന്നാലെ മണിപ്പുർ വീണ്ടും കലുഷിതം. റോഡ് തുറക്കുന്നതിനെതിരേ കുക്കി പ്രക്ഷോഭകർ നടത്തിയ മാർച്ചാണ് സംഘർഷത്തിനു വഴിയൊരുക്കിയത്. കുക്കി പ്രക്ഷോഭകാരികളും രക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. സ്ത്രീ ഉൾപ്പെടെ 25 പേർക്കു പരുക്കേറ്റു.
കാങ്പോക്പിയിലെ ഗംഗിഫായി, മോട്ബങ്, കെയ്തൽമൻബി എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിയേറ്റ മുപ്പതുകാരൻ ലാൽഗൗതാങ് സിങ്സിറ്റാണു മരിച്ചതെന്ന് പൊലീസ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗതാഗതം പുനരാരംഭിക്കുന്നതിനെതിരേ കാങ്പോക്പിയിലെ വിവിധ കേന്ദ്രങ്ങളിൽ കുക്കി വിഭാഗം മാർച്ച് നടത്തിയിരുന്നു. ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ, പ്രക്ഷോഭകർ സ്വകാര്യവാഹനങ്ങൾക്ക് തീവച്ചത് സ്ഥിതി വഷളാക്കി. ഇംഫാൽ- ദിമാപുർ ദേശീയ പാത ഉപരോധിച്ച കുക്കി വിഭാഗം ഇവിടെ ടയറുകൾ കൂട്ടിയിട്ടു കത്തിക്കുക കൂടി ചെയ്തതോടെ രക്ഷാസേന കടുത്ത നടപടിക്കു നിർബന്ധിതരായി.
അതേസമയം, മണിപ്പുരിലെ നിരവധി ജില്ലകളില്‍ രക്ഷാ സേനയുടെ സംയുക്ത പരിശോധനയില്‍ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, സൈനിക ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു. റൈഫിളുകള്‍, കാര്‍ബൈനുകള്‍, പിസ്റ്റളുകള്‍ എന്നിവയുള്‍പ്പെടെ 114 ആയുധങ്ങളും ഗ്രനേഡുകള്‍, ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തുക്കള്‍, മറ്റ് സൈനിക സാമഗ്രികള്‍ എന്നിവയും സുരക്ഷാ സേന കണ്ടെടുത്തു. കാങ്പോക്പി ജില്ലയിലെ ബങ്കറുകളും നശിപ്പിക്കപ്പെട്ടു.
The post വീണ്ടും മണിപ്പുരിൽ സംഘർഷം; ഒരു മരണം: 25 പേർക്ക് പരുക്ക് appeared first on Metro Journal Online.