National

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിർമാണം പ്രതിസന്ധിയില്‍

റെയര്‍ എര്‍ത്ത് മാഗ്‌നെറ്റിന്‍റെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ചൈന ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന നിര്‍മാണം വന്‍ പ്രതിസന്ധിയില്‍. യുഎസ് ‘റെസിപ്രോക്കല്‍ താരിഫ്’ ഏര്‍പ്പെടുത്തിയതിനുള്ള പ്രതികരണമെന്ന നിലയിലാണു ചൈന ഏപ്രില്‍ 4 മുതല്‍ റെയര്‍ എര്‍ത്ത് മാഗ്‌നെറ്റിന്‍റെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതിക്കു നിയന്ത്രണമേര്‍പ്പെടുത്തിയത്.

ആറ് ഹെവി റെയര്‍ എര്‍ത്ത് എലമെന്‍റ്സിന്‍റെ കയറ്റുമതിക്കാണു ചൈന നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത് ഇന്ത്യ ഉള്‍പ്പെടെ ആഗോളതലത്തിലുള്ള വാഹന നിര്‍മാതാക്കളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇലക്‌ട്രിക് മോട്ടോറുകളുടെ നിര്‍മാണത്തിന് അത്യാവശ്യമാണ് ചൈനയില്‍ നിന്നുള്ള മാഗ്‌നെറ്റ്. ഇത്തരം മാഗ്‌നെറ്റുകളുടെ സംസ്‌കരണത്തിന്‍റെ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. എന്നാല്‍ ഇവയുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിരവധി ഇലക്‌ട്രിക് വാഹന നിര്‍മാതാക്കള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ജപ്പാനില്‍ കഴിഞ്ഞ മാസം 24 മുതല്‍ സ്വിഫ്റ്റ് സ്‌പോര്‍ട് പതിപ്പ് ഒഴികെയുള്ള സ്വിഫ്റ്റ് കാറിന്‍റെ ഉത്പാദനം സുസുക്കി നിര്‍ത്തിവച്ചിരിക്കുകയാണ്. ജുലൈ മുതല്‍ ഇ-സ്‌കൂട്ടറുകളുടെ ഉത്പാദനത്തെ ബാധിക്കുമെന്നാണ് ഇന്ത്യയിലെ മുന്‍നിര ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ബജാജ് ഓട്ടോ അറിയിച്ചിരിക്കുന്നത്.

പ്രശ്‌നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി റെയര്‍ എര്‍ത്ത് മാഗ്‌നെറ്റിന്‍റെ ശേഖരം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനായി വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇവയുടെ ആഭ്യന്തര തലത്തിലുള്ള ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും കമ്പനികള്‍ക്ക് ഉത്പാദന അധിഷ്ഠിത സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതും പരിഗണനയിലാണ്.

റെയര്‍ എര്‍ത്ത് മാഗ്നെറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ദൗര്‍ലഭ്യം കാരണം വരും ദിവസങ്ങളില്‍ വിതരണത്തില്‍ തടസം നേരിടുമെന്നു ഓട്ടോമൊബൈല്‍ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം.

See also  സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം? രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരി​ഗണനാ പട്ടികയിൽ

Related Articles

Back to top button