Kerala

‘അമ്മ’യിൽ തിരഞ്ഞെടുപ്പ് ഉറപ്പായി: മോഹൻലാൽ മത്സരത്തിനില്ല, പുതിയ പ്രസിഡന്റിനെ ഇന്ന് അറിയാം

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. നിലവിലെ പ്രസിഡന്റ് മോഹൻലാൽ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കൊച്ചിയിൽ ചേരുന്ന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

 

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് അഡ്‌ഹോക് കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് നടന്നാൽ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം നിലപാട് എടുത്തതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇതോടെ, പുതിയ പ്രസിഡന്റിനെ സമവായത്തിലൂടെ കണ്ടെത്താനോ അല്ലെങ്കിൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനോ ഉള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്.

നിലവിൽ, ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും ഉൾപ്പെടെയുള്ളവർ രാജിവച്ച സാഹചര്യത്തിൽ ഈ സ്ഥാനങ്ങളിലേക്കും പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്. ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് സൂചനകളുണ്ടെങ്കിലും, മറ്റ് സ്ഥാനങ്ങളിലേക്കുള്ള മത്സരവും ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയെന്നതും ഇന്നത്തെ യോഗത്തിന്റെ പ്രത്യേകതയാണ്. താരസംഘടനയിലെ പുതിയ നേതൃത്വത്തെ ആര് നയിക്കുമെന്നറിയാൻ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.

See also  എഡിജിപി വിഷയത്തില്‍ ഘടകക്ഷികളോട് മുഖ്യമന്ത്രിയുടെ മറുപടി എന്താകും; എൽഡിഎഫ് യോഗം ഇന്ന്

Related Articles

Back to top button