മലപ്പുറം കടുത്ത ചൂടിന്റെ പിടിയിൽ: ജനജീവിതം ദുരിതത്തിലേക്ക്

മലപ്പുറം: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയിൽ അനുഭവപ്പെടുന്ന ചൂട് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന പകൽ ചൂടിനൊപ്പം രാത്രിയും ചൂട് വർദ്ധിക്കുന്നത് ജനജീവിതം ദുരിതത്തിലാക്കുന്നു. വർദ്ധിച്ചുവരുന്ന അന്തരീക്ഷ ആർദ്രത കാലാവസ്ഥയെ കൂടുതൽ ദുഷ്‌കരമാക്കുന്നു.
നിലവിൽ ജില്ലയിൽ 34 മുതൽ 37 ഡിഗ്രി വരെയാണ് താപനില. വൈകുന്നേരങ്ങളിൽ പോലും 30 ഡിഗ്രിക്ക് മുകളിൽ താപനില നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ താപമാപിനികളിലെ കണക്കുകൾ വ്യക്തമാക്കുന്നു. ഉഷ്ണതരംഗ ദിവസങ്ങളുടെ എണ്ണം വർദ്ധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നീരിക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേനൽമഴ നീളുകയാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.
കണക്കുകളെ വെല്ലുന്ന ചൂട്
ഇന്നലെ കരിപ്പൂരിലെ താപമാപിനി 34 ഡിഗ്രി സെൽഷ്യസ് ഉയർന്ന ചൂട് രേഖപ്പെടുത്തി. വിവിധ ഇടങ്ങളിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ 38 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂരിലെ താപമാപിനിയിലെ കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഔദ്യോഗിക കണക്കായി രേഖപ്പെടുത്തുന്നത്.
ജനുവരിയിലും ഫെബ്രുവരിയിലും ജില്ലയിൽ പതിവിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസങ്ങളിൽ 30 മുതൽ 34 ഡിഗ്രി വരെയായിരുന്നു താപനില. മാർച്ചിൽ ഈ താപനില 2 മുതൽ 4 ഡിഗ്രി വരെ വർദ്ധിച്ചിട്ടുണ്ട്.
മഴയില്ലാത്ത മാർച്ച്
മാർച്ച് ഒന്ന് മുതൽ എട്ട് വരെ 2.5 മില്ലീമീറ്റർ മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. എന്നാൽ ജില്ലയിലെ ആറ് വെതർ സ്റ്റേഷനുകളിലും മഴ ലഭിച്ചില്ല. ഈ കാലയളവിൽ മഴയിൽ 100 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കടുത്ത ചൂടിൽ ജലസ്രോതസ്സുകൾ വറ്റുമ്പോൾ വേനൽ മഴ ഇല്ലാതാകുന്നത് കുടിവെള്ളം ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളെയും ബാധിക്കുന്നു. നിലവിലെ അവസ്ഥ തുടർന്നാൽ പമ്പിംഗ് സമയം കുറയ്ക്കുന്നത് വാട്ടർ അതോറിറ്റി പരിഗക്കും