പരസ്യമായി അപമാനിച്ചതിന് പ്രതികാരം; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയ അറസ്റ്റിൽ

ഏറെ കോളിളക്കം സൃഷ്ട്ടിച്ച ചാലക്കുടി വ്യാജ ലഹരി കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് അറസ്റ്റിൽ. പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ മുൻപിൽ നൽകിയ മൊഴി. ബെംഗളൂരിൽ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമർശങ്ങൾ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതിൽ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകൾ ബാഗിൽ വെച്ച് കള്ളക്കേസിൽ കുടുക്കിയതെന്ന് ലിവിയ മൊഴിയിൽ പറഞ്ഞു.
ലിവിയയെ പ്രതിചേർത്തുകൊണ്ട് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ലിവിയയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. മറ്റാരെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിയും.
കഴിഞ്ഞദിവസം ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലാകുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തിച്ച ശേഷം കൊടുങ്ങല്ലൂരിൽ എത്തിക്കുകയായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ. വ്യാജ ലഹരിക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടർന്ന് ലിവിയ ദുബായിലേയ്ക്ക് കടക്കുകയായിരുന്നു. ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് വെച്ചത് ലിവിയ ജോസ് ആണെന്ന് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേർത്തത്. നാരായണദാസും ലിവിയയും സുഹൃത്തുക്കളായിരുന്നു. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ലിവിയയുടെ പേരുണ്ട്. ഇതിനിടെയാണ് ലിവിയ ദുബായിലേക്ക് കടന്നത്.2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഫോൺ കോളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്‌ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്‌ത്രീയ പരിശോധനയിൽ തെളിഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീല സണ്ണി ജയിലിൽ കഴിഞ്ഞത്.
The post പരസ്യമായി അപമാനിച്ചതിന് പ്രതികാരം; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസിൽ മരുമകളുടെ സഹോദരി ലിവിയ അറസ്റ്റിൽ appeared first on Metro Journal Online.