Gulf

യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക; നിയമലംഘനത്തിന് 5 ലക്ഷം ദിർഹം വരെ പിഴ

ദുബായ്: യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് അധികൃതർ കർശനമായ മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ, പോസ്റ്റുകൾ, ഷെയറുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 5 ലക്ഷം ദിർഹം (ഏകദേശം 1.12 കോടി ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ സൈബർ ക്രൈം നിയമം 2025 അനുസരിച്ച്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഓരോ വാക്കും പ്രവൃത്തിയും സൂക്ഷ്മമായി നിരീക്ഷിക്കും. രാജ്യത്തിന്റെ പൊതു സദാചാരം, ഭരണകൂടം, മതവികാരങ്ങൾ എന്നിവയെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഒരു കമന്റോ പോസ്റ്റോ ഉണ്ടായാൽ അത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കൂടാതെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുക, മറ്റുള്ളവരെ അപമാനിക്കുക, സ്വകാര്യത ലംഘിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും കനത്ത ശിക്ഷയുണ്ടാകും.

 

നിയമം അറിയാതെ ചെയ്യുന്ന കാര്യങ്ങൾ പോലും വലിയ കുഴപ്പത്തിൽ കലാശിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അധികൃതർ നിർദേശിച്ചു. 100,000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴയും ചില കേസുകളിൽ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് സൈബർ നിയമ ലംഘനങ്ങൾ. അതുകൊണ്ട് ഓരോ ചെറിയ കാര്യത്തിലും ശ്രദ്ധയോടെ ഇടപെടണമെന്നാണ് യുഎഇയിലെ പ്രവാസികൾക്ക് ലഭിക്കുന്ന പ്രധാന മുന്നറിയിപ്പ്.

അതേസമയം, യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് ‘അഡ്വർടൈസർ പെർമിറ്റ്’ നിർബന്ധമാക്കികൊണ്ട് മറ്റൊരു നിയമവും നിലവിൽ വരുന്നുണ്ട്. പണം വാങ്ങിയോ അല്ലാതെയോ പരസ്യം ചെയ്യുന്നവർക്കെല്ലാം ഇത് ബാധകമാണ്. പെർമിറ്റ് ഇല്ലാത്ത പരസ്യങ്ങൾക്ക് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.

 

See also  മൂടല്‍മഞ്ഞ്: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

Related Articles

Back to top button