നിമിഷപ്രിയയുടെ മോചനം: മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടുള്ള പ്രതികരണങ്ങൾ വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ആക്ഷൻ കൗൺസിലിനെയും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന് മധ്യസ്ഥൻ എന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് തള്ളിയത്.
നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും കോടതി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനില്ലെന്നായിരുന്നു സുപ്രീം കോടതി കെ എ പോളിനെതിരെ ഉയർത്തിയ വിമർശനം. നിമിഷപ്രിയക്ക് വേണ്ടി സമാഹരിച്ച തുക ദുരുപയോഗം ചെയ്തു എന്ന് പോൾ കോടതിയിൽ പറഞ്ഞു. എന്നാൽ നുണകൾ പ്രചരിപ്പിക്കുകയാണ് പോൾ എന്ന് ആക്ഷൻ കൗൺസിൽ പ്രതികരിച്ചു.
ആര് മാധ്യമങ്ങളോട് സംസാരിക്കണം എന്നുള്ളതല്ല നിമിഷയുടെ ജീവൻ രക്ഷിക്കുക എന്നതാണ് കാര്യമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ആക്ഷൻ കൗൺസിൽ മൂന്ന് ഗ്രൂപ്പുകൾ ആയി തിരിഞ്ഞു. ഏഴു ദിവസത്തിനകം സർക്കാർ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കിൽ താൻ വീണ്ടും ഇടപെടുമെന്ന് കെ എ പോൾ കോടതിയെ അറിയിച്ചു.
The post നിമിഷപ്രിയയുടെ മോചനം: മാധ്യമങ്ങളെ വിലക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി appeared first on Metro Journal Online.



