'അഖണ്ഡ 2' ചരിത്രമെഴുതുന്നു; ഒ.ടി.ടി റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് വിറ്റു!
ഹൈദരാബാദ്: സംവിധായകൻ ബോയപതി ശ്രീനുവും നടൻ ബാലകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അഖണ്ഡ 2’ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു. റിലീസിന് മുമ്പുതന്നെ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റഴിച്ചു. ഒ.ടി.ടി ഭീമന്മാരായ ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവർ തമ്മിൽ നടന്ന കടുത്ത മത്സരത്തിനൊടുവിൽ വൻ തുക മുടക്കി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ‘അഖണ്ഡ’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയമാണ് രണ്ടാം ഭാഗത്തിന് ഇത്രയധികം ഡിമാൻഡ് ഉണ്ടാകാൻ കാരണം. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ‘അഖണ്ഡ’ ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം നേടിയിരുന്നു. ‘അഖണ്ഡ 2’ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ബഡ്ജറ്റും വലുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി വലിയ സിനിമകളുടെ ഒ.ടി.ടി. റൈറ്റ്സ് റിലീസിന് തൊട്ടുമുമ്പോ, ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴോ ആണ് വിൽക്കാറുള്ളത്. എന്നാൽ ഒരു സിനിമ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഇത്രയും വലിയ തുകയ്ക്ക് റൈറ്റ്സ് വിറ്റഴിക്കുന്നത് ഇന്ത്യൻ സിനിമ ചരിത്രത്തിൽത്തന്നെ അപൂർവ്വമാണ്. ഇത് ‘അഖണ്ഡ 2’ എന്ന ചിത്രത്തിൽ അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കുമുള്ള പ്രതീക്ഷ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.