Health

വേനല്‍ക്കാലം വരവായി; ഡയറ്റില്‍ ശ്രദ്ധിക്കാം


മാര്‍ച്ച് അടുക്കുന്നതോടെ വേനല്‍ക്കാലം എത്തുകയാണ്. വേനൽ കടുത്തതോടെ ദാഹവും ക്ഷീണവും ഏറുകയായി. അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ കാര്യത്തില്‍  ജാഗ്രത പാലിക്കുന്നതാണ് ഉചിതം. ചൂട് കൂടുമ്പോള്‍ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകാം. അവയെ തടയാന്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. വേനല്‍ക്കാലത്ത് ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിർജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം ധാരാളം കുടിക്കാം. എന്നാല്‍ നല്ല വെയിലത്ത്  പുറത്തുപോയിട്ട് വരുമ്പോള്‍ തണുത്ത വെളളം കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. ശരീരത്തിലെ ചൂട് തണുപ്പിക്കാനായിരിക്കും പലരും ഇങ്ങനെ തണുത്ത വെള്ളം കുടിക്കുന്നത്. ഇത് പക്ഷേ തൊണ്ട വേദനയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് ഉത്തമം.

വേനല്‍ക്കാലത്ത് കഫൈന്‍ അധികം കുടിക്കുന്നത് നല്ലതല്ല. അത് നിങ്ങളുടെ ശരീരത്തില്‍  നിർജ്ജലീകരണമുണ്ടാക്കും. അതിനാല്‍ ചായ, കോഫി എന്നിവ അധികം കുടിക്കരുത്.

ശരീരത്തിലെ ചൂട് മാറാനായി തണുത്ത ജ്യൂസും പഴച്ചാറുകളും കൂടുതലായി കുടിക്കുന്നവരുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുമെങ്കിലും ആരോഗ്യത്തിന് ഗുണകരമല്ല. അതിനാല്‍ പഞ്ചസാര ഉപയോഗിക്കാതെ ജ്യൂസുകള്‍ തയ്യാറാക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. പഴങ്ങള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ തന്നെ ജ്യൂസിന് പകരം ഇളനീര് കുടിക്കുന്നതാണ്  നിർജ്ജലീകരണം ഒഴിവാക്കാന്‍ കൂടുതല്‍ നല്ലത്.

മുട്ട, മത്സ്യം, ചിക്കന്‍ എന്നിവ ഈ വേനല്‍ക്കാലത്ത് അധികം കഴിക്കരുത്. ഇത് ശരീരത്തിലെ ചൂട് കൂട്ടും. പരമാവധി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലത്.

തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വേനല്‍ക്കാലത്ത് ആരോഗ്യത്തിന് നല്ലതാണ്.

See also  വേനല്‍ക്കാലത്ത് തളര്‍ച്ചയകറ്റി ശരീരത്തിന് ഊര്‍ജം പകരാൻ മോര്

Related Articles

Back to top button