Kerala

മെസിയുടെ കേരള സന്ദർശനം:50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനൊപ്പം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം

കാണികളുടെ എണ്ണത്തില്‍ വിദഗ്ധസമിതിയുടെ നിര്‍ദ്ദേശപ്രകാരം അന്തിമ തീരുമാനം എടുക്കും. 50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഗതാഗത നിയന്ത്രണം ഉണ്ടാകും. ഫാന്‍ പാര്‍ക്കുകള്‍ ക്രമീകരിക്കും. കൂടുതല്‍ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കും’, പുട്ട വിമലാദിത്യ പറഞ്ഞു.

അതേസമയം മെസിയുടെയും അര്‍ജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന് ആന്റോ അഗസ്റ്റിന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തികള്‍ തുടങ്ങിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു.

‘ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭാവിയില്‍ ഫിഫ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍പതിനായിരം കാണികള്‍ക്ക് മത്സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും ഒരുക്കും. സ്റ്റേഡിയത്തിന്റെ സുരക്ഷയുറപ്പാക്കാനും നടപടികള്‍ പുരോഗമിക്കുന്നു. സീലിങ്ങിന്റെ സ്‌ട്രെങ്തനിങ് ഉള്‍പ്പെടെ നടത്തും. സ്റ്റേഡിയത്തിന്റെ ചുറ്റും അറ്റകുറ്റപ്പണികള്‍ നടത്തുമെന്നും എംഡി അറിയിച്ചു.

See also  കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Related Articles

Back to top button