Kerala
നിരക്ക് വർധനവ് പാടില്ല; പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി

പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. നിരക്ക് വർധന പാടില്ല. സമയാസമയം വിഷയം തുടർന്നും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ദേശീയപാത നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കണം. പൊതുജനം ഈ വിഷയത്തിൽ തോൽക്കരുതെന്നും കോടതി പറഞ്ഞു.
72 ദിവസം ടോൾ പിരിവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ആഗസ്റ്റ് 2നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ടോൾ പിരിവ് വിലക്കിയത്. സർവീസ് റോഡുകളുടെ നില മെച്ചപ്പെടുത്തിയെന്ന് ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടോൾപിരിവിന് ഉപാധികളോടെ അനുമതി നൽകിയത്.
ടോൾ പുനഃസ്ഥാപിച്ച സാഹചര്യത്തിൽ പാലിയേക്കര ടോൾ പ്ലാസക്ക് സുരക്ഷ വർധിപ്പിച്ചു. അമ്പതോളം പോലീസുകാരെയാണ് വിന്യസിച്ചത്. ടോൾ നിരക്ക് കുറയ്ക്കാൻ തീരുമാനം എടുക്കാനാകില്ലെന്ന് നേരത്തെ കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു.