സംസ്ഥാനത്ത് മദ്യ നിർമാണം വർധിപ്പിക്കും; വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം: മന്ത്രി എംബി രാജേഷ്

സംസ്ഥാനത്ത് മദ്യനിർമാണം വർധിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. തദ്ദേശീയമായി മദ്യ ഉത്പാദനം വർധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രാദേശികമായ എതിർപ്പുകൾ വരാം. എന്നാൽ അത് പരിഗണിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു
കേരളത്തിൽ ഒമ്പത് ഡിസ്റ്റലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉത്പാദിപ്പിക്കുന്നില്ല. ചില സ്ഥിരതാത്പര്യക്കാരാണ് തദ്ദേശീയമായ മദ്യ ഉത്പാദനത്തെ എതിർക്കുന്നത്. കർണാടകയിൽ ഇല്ലാത്ത വെള്ളത്തിന്റെ എന്ത് പ്രശ്‌നമാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി ചോദിച്ചു
സ്ഥാപിത താത്പര്യക്കാർക്ക് വഴങ്ങില്ല. വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവട് വെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ല. സംസ്ഥാനത്തിന്റെ മദ്യനയം അഞ്ച് വർഷത്തേക്ക് ആക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. ദീർഘകാല മദ്യ നയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുകയാണെന്നും മന്ത്രി പറഞ്ഞു