ഇന്ത്യൻ പൗരൻ മയക്കുമരുന്ന് ലഹരിയിൽ ഓടിച്ച ട്രക്ക് ഇടിച്ച് യുഎസിൽ മൂന്ന് പേർ മരിച്ചു

അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന ഇന്ത്യൻ പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സംഭവത്തിൽ ജഷൻപ്രീത് സിംഗ് എന്ന 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സാൻ ബെർണാർഡിനോ കൗണ്ടി ഫ്രീവേയിൽ ഗതാഗത കുരുക്കിൽ കിടന്ന വാഹനങ്ങളിലേക്ക് ജഷൻപ്രീത് സിംഗ് ഓടിച്ച ട്രക്ക് ഇടിച്ചുകയറുകയായിരുന്നു
മയക്കുമരുന്നിന്റെ ലഹരിയിൽ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ സിംഗ് ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല . 2022ലാണ് സിംഗ് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയത്.
അറസ്റ്റിലായ ജഷൻപ്രീത് സിംഗ് മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നു വാഹനം ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.ഗതാഗതക്കുരുക്കിലേക്ക് ട്രക്ക് ഇടിച്ചുകയറുമ്പോൾ സിംഗ് ബ്രേക്ക് ചെയ്തിട്ടില്ലെന്നും പോലീസ് കണ്ടെത്തി.സിംഗ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാളുടെ ടോക്സിക്കോളജി പരിശോധനയിൽ തെളിഞ്ഞു.