കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിക്കുകയും മർദിക്കുകയും ചെയ്ത സംഭവം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയായ യുവാവിനെ അതിക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. അഗതി മന്ദിരത്തിലെ പാസ്റ്റർ അടക്കം മൂന്ന് പേരെയാണ് തൃശ്ശൂർ കൊടുങ്ങല്ലൂരിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കൂനമ്മാവ് അഗതി മന്ദിരത്തിൽ വെച്ചാണ് അരൂർ സ്വദേശി സുദർശന്(44) മർദനമേറ്റത്
അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ്(65), ആരോമൽ, നിതിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരെ പോലീസ് ചോദ്യം ചെയ്യുകയാണ്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് സുദർശനെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് കൊച്ചി സെൻട്രൽ പോലീസ് ഇയാളെ അഗതി മന്ദിരത്തിലാക്കി
അഗതി മന്ദിരത്തിൽ വെച്ചും സുദർശൻ അക്രമം കാണിച്ചു. പിന്നാലെയാണ് മർദനമുണ്ടായത്. മർദനത്തെ തുടർന്ന് അവശനായ സുദർശനെ അഗതി മന്ദിരത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ കൊണ്ടുവന്ന് വഴിയരികിൽ ഉപേക്ഷിച്ചു. സുദർശൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ ഇയാളുടെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. 11 കേസുകളിലെ പ്രതിയാണ് സുദർശൻ



