ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടി അപകടനില തരണം ചെയ്തില്ല; തലച്ചോറിന് ചതവ് കണ്ടെത്തി

വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു
ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ പറഞ്ഞു. പെൺകുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോയടക്കം എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നൽകുന്നതെന്നും ഡോ. ജയചന്ദ്രൻ പറഞ്ഞു. തലച്ചോറിൽ ചതവ് കണ്ടെത്തിയിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോ. ജയചന്ദ്രൻ പ്രതികരിച്ചു
അതേസമയം ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടി താഴെയിട്ട പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ സുരേഷ് കുമാർ പ്രകോപനമൊന്നും കൂടാതെ തള്ളി താഴെയിട്ടത്.



