ആരോഗ്യമേഖല തകർന്ന് തരിപ്പണമായി; ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണമെന്ന് സതീശൻ

കേരളത്തിലെ ആരോഗ്യമേഖലയുടെ സിസ്റ്റം തകർന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വേണുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആറ് ദിവസം വേണു ആശുപത്രിയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിൽ പൂർണ അവഗണനയാണെന്നും സതീശൻ പറഞ്ഞു
വല്ലപ്പോഴും സർക്കാർ ആശുപത്രികളിൽ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങൾ നിരന്തരം ഇപ്പോൾ സംഭവിക്കുന്നു. ഉപകരണങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഒരുപാട് പ്രശ്‌നങ്ങൾ ആരോഗ്യമേഖലയിൽ നിറഞ്ഞു നിൽക്കുന്നു. ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യമേഖല തകർന്ന് തരിപ്പണമായി. ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു
അപകടകരമായ നിലയിലേക്ക് കേരളത്തിലെ ആരോഗ്യരംഗം പോകുന്നു. നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓരോ ദിവസവും സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും സതീശൻ ആരോപിച്ചു.



