രണ്ട് സ്ത്രീകളെ കൊന്ന് ഒളിവിൽ പോയി; പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

തമിഴ്‌നാട്ടിൽ ഇരട്ടക്കൊല കേസ് പ്രതിയെ വെടിവെച്ച് വീഴ്ത്തി പിടികൂടി പോലീസ്. 55കാരനായ അയ്യനാരാണ് പിടിയിലായത്. പ്രതി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാലിന് വെടിവെക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.
കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അയ്യനാർ. പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഈ ആഴ്ച രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ഇയാളെ തേടിയെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളുടെ ഒളിത്താവളത്തിലെത്തിയത്
പോലീസ് വളഞ്ഞപ്പോൾ ഇയാൾ കത്തിയെടുത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെയാണ് പോലീസ് കാലിൽ വെടിവെച്ച് വീഴ്ത്തിയത്. എസ് ഐയുടെ കയ്യിൽ കുത്തേറ്റ് പരുക്കേറ്റു.
പെരിയമ്മാൾ, പവയി എന്നീ രണ്ട് സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കന്നുകാലികളെ മേയ്ക്കാനായി പോയ സ്ത്രീകളെ കൊലപ്പെടുത്തി ഇവരുടെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.



