ബംഗ്ലാദേശ് വീണ്ടും പ്രക്ഷോഭത്തിൽ; ഷെയ്ഖ് ഹസീനയുടെ പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

ബംഗ്ലാദേശിൽ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കലുഷിതമായി. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് (Awami League) രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾക്കും ചെറുത്തുനിൽപ്പ് മാർച്ചുകൾക്കും ആഹ്വാനം ചെയ്തു.
ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. യൂനുസിനെ ‘നിയമവിരുദ്ധമായി അധികാരം പിടിച്ചടക്കിയ കൊലയാളി-ഫാസിസ്റ്റ്‘ എന്നാണ് അവാമി ലീഗ് വിശേഷിപ്പിച്ചത്.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് (Crimes against Humanity) ഹസീനയ്ക്ക് വധശിക്ഷ വിധിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൻ്റെ (ICT) വിധിയെ പാർട്ടി തള്ളിക്കളഞ്ഞു. ഈ വിധി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നും, യൂനുസ് ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ പ്രഹസനമാണ് വിചാരണയെന്നും അവാമി ലീഗ് ആരോപിച്ചു.
നവംബർ 30 വരെ രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും ഉപജില്ലകളിലും പ്രതിഷേധങ്ങളും പ്രകടനങ്ങളും ചെറുത്തുനിൽപ്പ് മാർച്ചുകളും സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീനയെ വിട്ടുകിട്ടണമെന്ന് യൂനുസിൻ്റെ ഇടക്കാല സർക്കാർ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമുണ്ട്.



