93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി; ഗംഭീറിന്റെ കസേര തെറിക്കുമോ

ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ 408 റൺസിന്റെ തോൽവി വഴങ്ങിയതോടെ ഇന്ത്യക്ക് നാണംകെട്ട റെക്കോർഡ്. 93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലെ റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണ് ഇന്ന് സംഭവിച്ചത്. ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ 400ലേറെ റൺസിന് തോൽക്കുന്നത്. 2004ൽ നാഗ്പൂരിൽ 342 റൺസിന് തോറ്റതായിരുന്നു ഇതുവരെ ഏറ്റവും വലിയ തോൽവിയായിരുന്നത്
2006ൽ പാക്കിസ്ഥാനെതിരെ കറാച്ചിയിൽ 341 റൺസിനും 2007ൽ ഓസ്‌ട്രേലിയക്കെതിരെ 307 റൺസിനും 2017ൽ ഓസ്‌ട്രേലിയക്കെതിരെ പൂനെയിൽ 333 റൺസിനും ഇന്ത്യ തോറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണ് ഗുവാഹത്തിയിൽ സ്വന്തമാക്കിയത്. 2018ൽ ഓസ്‌ട്രേലിയക്കെതിരെ ജോഹാന്നാസ്ബർഗിയിൽ നേടിയ 492 റൺസിന്റെ വിജയമാണ് ഇവരുടെ ഇതുവരെയുള്ള റെക്കോർഡ് ജയം
ഗുവാഹത്തി ടെസ്റ്റിലും ജയിച്ചതോടെ പരാജയമറിയാത്ത നായകൻ എന്ന റെക്കോർഡ് നിലനിർത്താൻ ടെംബ ബവുമക്ക് സാധിച്ചു. ഇന്ത്യയിൽ 25 വർഷത്തിനിടെ ആദ്യത്തെ ടെസ്റ്റ് പരമ്പര വിജയം കൂടിയാണിത്. ഇന്ത്യ ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് നാട്ടിൽ ഒരു പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോടും 0-3ന് തോറ്റിരുന്നു.
ഇതോടെ രണ്ട് ടെസ്റ്റ് പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങുന്ന ആദ്യ പരിശീലകനെന്ന നാണക്കേട് ഗൗതം ഗംഭീറിന്റെ തലയിലായി. ഗംഭീറിന്റെ പരിശീലന രീതിയിൽ നേരത്തെ തന്നെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. ടീമിന്റെ ഘടന ഒറ്റയടിക്ക് ഉടച്ചുവാർക്കാനുള്ള ഗംഭീറിന്റെ ശ്രമം ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ നശിപ്പിക്കുന്നതായാണ് വിമർശനം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും തോറ്റതോടെ ഗംഭീറിന്റെ പരിശീലന സ്ഥാനം ഇനിയെത്ര നാൾ ഉണ്ടാകുമെന്ന ചോദ്യമാണ് ഉയരുന്നത്


