Kerala
തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരനെ വെട്ടിയ സംഭവം; പിന്നിൽ നിർമാതാവ് റാഫേലെന്ന് പരുക്കേറ്റ സുനിൽ

തൃശ്ശൂർ രാഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രവാസി വ്യവസായിയും സിനിമാ നിർമാതാവുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണം. ആക്രമിക്കപ്പെട്ട സുനിലാണ് ആരോപണം ഉന്നയിച്ചത്. തന്നെ വെട്ടിക്കൊല്ലാൻ സിജോയ്ക്ക് ക്വട്ടേഷൻ നൽകിയത് റാഫേൽ ആണെന്നാണ് സുനിൽ ആരോപിക്കുന്നത്.
സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെ ചൊല്ലി റാഫേലുമായി തർക്കമുണ്ടെന്ന് സുനിൽ പറയുന്നു. ഒരു വർഷം മുമ്പ് സിജോ ഭീഷണിപ്പെടുത്തിയത് റാഫേൽ പറഞ്ഞിട്ടാണെന്നും സുനിൽ പറഞ്ഞു. റാഫേലും സിജോയും ഒരു വർഷം മുമ്പത്തെ കേസിൽ കൂട്ടുപ്രതികളാണ്. ഇരിങ്ങാലക്കുട മാസ് തീയറ്റർ ഉടമയാണ് റാഫേൽ പൊഴേലിപറമ്പിൽ
സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു.



