രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് നീക്കം; എല്ലാ ജില്ലകളിലും അന്വേഷണം: ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പൊലീസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിർദേശം. എല്ലാ ജില്ലകളിലും വ്യാപക അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ നിർദ്ദേശമുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
അതേസമയം, പൊലീസ് ബലാത്സംഗം നടന്ന ഫ്ലാറ്റിലെത്തി പരിശോധന നടത്തി. യുവതിയെയും കൊണ്ട് ഫ്ലാറ്റിലെത്തിയ പൊലീസ് മഹസർ തയ്യാറാക്കി. ഫ്ലാറ്റിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കും. പാലക്കാട്ടെ ഫ്ലാറ്റിലെത്തിയും മഹസർ തയ്യാറാക്കും.
രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിലാണ്. അടുത്ത ബുധനാഴ്ച്ചയാണ് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ
പരിഗണിക്കുന്നത്. അതേസമയം, കേസിൽ തെളിവായി ലഭിച്ച ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂർത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. രാഹുലിന്റെ ശബ്ദം സ്ഥിരീകരിക്കുന്നത് നിർണായക തെളിവാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് പരിശോധന നടക്കുന്നത്.



