ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത്; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചുകളയും: സുരേഷ് ഗോപി

തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുതെന്നും വന്നാല്‍ മാന്തി പൊളിച്ചു കളയുക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം നേതാവിനെ ‘മാക്രി’ എന്നു വിളിച്ച് പരിഹസിച്ചാണ് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പദ്ധതി നല്‍കിയതിനെ കുറിച്ച് വിശദീകരിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ വടകരയിലെ പി കെ ദിവാകരനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ മാക്രി പരാമര്‍ശം. നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തിരിക്കുന്നതെന്നും അയാള്‍ക്ക് എന്താണ് ഇതില്‍കൂടുതല്‍ അറിയേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചത്.
വടകരയില്‍ ഉരാളുങ്കല്‍ സൊസൈറ്റിയ്ക്കാണ് പദ്ധതി കൊടുത്തതെന്നും താന്‍ കൂടി അംഗീകരിച്ച പദ്ധതിയാണ് അവര്‍ക്ക് നല്‍കിയതെന്നും 95.34 കോടിയുടെ പദ്ധതിയാണതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചുവെന്നും ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയില്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തൃശൂരിന് ഫൊറന്‍സിക് ലാബും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ട്രെയ്‌നിങ് കോളജും അനുവദിച്ചുവെന്നും 8 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തേ നല്‍കൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണെന്ന് കുറ്റപ്പെടുത്താനും സുരേഷ് ഗോപി മടിച്ചില്ല.



