ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; 334 പേർ മരിച്ചു, 370 പേരെ കാണാതായി

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി. ഇന്ന് രാവിലെയോടെ ന്യൂനമർദമായി മാറും. വടക്കൻ തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്‌തേക്കും.
പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. മൂന്ന് മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. അതേസമയം ശ്രീലങ്കയിൽ 334 പേർക്കാണ് ജീവൻ നഷ്ടമായത്. 370 പേരെ കാണാതായി. വിനോദ സഞ്ചാര നഗരമായ കാൻഡിയിൽ 88 പേർ മരിച്ചു
രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് വിംഗ് കമാൻഡർ മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാല് പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. രാജ്യത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 8 വരെ അടച്ചിട്ടിരിക്കുകയാണ്.



