കിഫ്ബി മസാല ബോണ്ട്; ഇഡി നോട്ടീസ് അയക്കുന്നത് രാഷ്ട്രീയ കലണ്ടർ അനുസരിച്ച്: മന്ത്രി പി രാജീവ്

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇ ഡി നോട്ടീസിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. ഇഡി നോട്ടീസ് അയക്കുന്നത് രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണെന്ന് മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങിയെന്ന് പറഞ്ഞ മന്ത്രി തദ്ദേശ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണുമെന്ന് പരിഹസിച്ചു. അതേസമയം സ്ഥലം വാങ്ങിയത് കിഫ്ബി പദ്ധതികൾക്ക് വേണ്ടിയാണെന്നും ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമ്മിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്. നാഷണൽ ഹെറാൾഡ് കേസിലെ 988 കോടിയുടെ ഇഡി നോട്ടീസ് ഏത് ഡീൽ ആയിരിക്കുമെന്നും 700 കോടിയിൽ അധികം സ്വത്തുക്കൾ പിടിച്ചെടുക്കാനും തീരുമാനമുണ്ടെന്നും അത് എന്ത് ഡീലിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും വ്യക്തമാക്കണമെന്നും പി രാജീവ് പറഞ്ഞു.



