രാഹുലിനായി അന്വേഷണം ശക്തമാക്കി; ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയെ ചോദ്യം ചെയ്യും

ലൈംഗിക പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഒളിവിൽ കഴിയുന്ന രാഹുലിനെ അറസ്റ്റ് ചെയ്യാനായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് വന്ന ശേഷം മതി അറസ്‌റ്റെന്ന മുൻനിലപാടാണ് അന്വേഷണ സംഘം മാറ്റിയത്
കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും രാഹുലിനായി തെരച്ചിൽ നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു യുവനടിയുടേതാണ് ഈ കാർ. നടിയെ പോലീസ് ചോദ്യം ചെയ്യും. കാർ കൈമാറാനുള്ള സാഹചര്യവും പരിശോധിക്കും
അതേസമയം രാഹുലിനെതിരെ പരാതി നൽകിയ യുവതി രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭച്ഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്ന് കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതേ തുടർന്ന് കുറേ ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്



