ഓരോ തെരഞ്ഞെടുപ്പിലും ഇഡി നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാൻ: ചെന്നിത്തല

മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തെരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇഡിയും ഇല്ല നോട്ടീസുമില്ല. പിന്നിൽ സിപിഎം-ബിജെപി അന്തർധാരയാണ്.
മസാല ബോണ്ടിൽ അഴിമതിയുണ്ട്. ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തുമെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാം രംഗത്തുവന്നു. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി യുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും കിഫ്ബി സിഇഒ പറഞ്ഞു. മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ല. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.



