കോഹ്ലിക്ക് 53ാം സെഞ്ച്വറി, റിതുരാജിന് കന്നി സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

റായ്പൂർ ഏകദിനത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ താരങ്ങൾ. തുടർച്ചയായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്ലി സെഞ്ച്വറി നേടിയപ്പോൾ റിതുരാജ് ഗെയ്ക്ക് വാദ് തന്റെ കന്നി സെഞ്ച്വറിയും മത്സരത്തിൽ കണ്ടെത്തി. നായകൻ കെഎൽ രാഹുൽ അർധ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിന് അയച്ച ദക്ഷിണാഫ്രിക്കൻ നായകന്റെ തീരുമാനം അമ്പേ പാളുന്നതാണ് കണ്ടത്.
ഒന്നാം വിക്കറ്റിൽ ജയ്‌സ്വാളും രോഹിത് ശർമയും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത രോഹിത് ശർമ ആദ്യം പുറത്തായി. സ്‌കോർ 62ൽ നിൽക്കെ 22 റൺസുമായി ജയ്‌സ്വാളും മടങ്ങി. നാലാം വിക്കറ്റിൽ ഒന്നിച്ച കോഹ്ലിയും റിതുരാജും പിന്നീട് കളം വാഴുന്നതാണ് കണ്ടത്. ഇരുവരും ചേർന്ന് സ്‌കോർ 257 വരെ എത്തിച്ചു
77 പന്തിൽ റിതുരാജ് തന്റെ കന്നി സെഞ്ച്വറിയിലേക്ക് എത്തി. 83 പന്തിൽ 12 ഫോറും റണ്ട് സിക്‌സും സഹിതം 105 റൺസെടുത്ത റിതുരാജ് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 257 എത്തിയിരുന്നു. ഇതിനിടെ 90 പന്തിൽ കോഹ്ലിയും സെഞ്ച്വറി തികച്ചു. കോഹ്ലിയുടെ 53ാം ഏകദിന സെഞ്ച്വറിയാണിത്. സെഞ്ച്വറിക്ക് പിന്നാലെ കോഹ്ലിയും മടങ്ങി
93 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം 102 റൺസാണ് കോഹ്ലി നേടിയത്. കോഹ്ലിയും റിതുരാജും പുറത്തായതോടെ ഇന്ത്യൻ സ്‌കോറിംഗിന്റെ വേഗതയും കുറഞ്ഞു. വാഷിംഗ്ടൺ സുന്ദർ ഒരു റൺസിന് വീണു. പിന്നീട് കെഎൽ രാഹുലും ജഡേജയും ചേർന്ന് 50 ഓവർ പൂർത്തിയാക്കുകയായിരുന്നു. രാഹുൽ 43 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 66 റൺസുമായും ജഡേജ 24 റൺസുമായും പുറത്താകാതെ നിന്നു



