World

എട്ട് കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും; മോദി അടുത്ത സുഹൃത്തെന്ന് പുടിൻ

ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണ്. ഇരട്ട താരകം പോലെ നിൽക്കുന്ന സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും മോദി പറഞ്ഞു. 

ഹൈദരാബാദ് ഹൗസിൽ നടന്ന വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചക്കും ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. റഷ്യ-യുക്രൈൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളും സ്വാഗതം ചെയ്യുന്നതായി മോദി അറിയിച്ചു. ആകെ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായും പ്രധാനമന്ത്രി പറഞ്ഞു

തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. ആരോഗ്യം, ഷിപ്പിംഗ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായി. സൈനികേതര ആണവോർജ രംഗത്ത് സഹകരണം വർധിപ്പിക്കും. ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി പറഞ്ഞു

നരേന്ദ്രമോദി അടുത്ത സുഹൃത്താണെന്നായിരുന്നു പുടിൻ പ്രതികരിച്ചത്. ഇന്ത്യയിൽ നൽകിയ ഊഷ്മള സ്വീകരണത്തിന് പുടിൻ നന്ദി അറിയിച്ചു. സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു. കൂടംകുളം ആണവോർജ നിലയം നിർമാണം പൂർത്തിയാക്കാൻ സഹായിക്കും. റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുടിൻ പറഞ്ഞു
 

See also  ലഷ്കറെ ത്വയ്ബയടക്കം ഭീകരവാദ സംഘനകളുമായി ബന്ധമുള്ള 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിൽ നിയമിച്ച് ട്രംപ്

Related Articles

Back to top button