Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഇനി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ റിമാൻഡ് തടവുകാരൻ

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അഴിയ്ക്കുള്ളിൽ. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിൽ പ്രവേശിപ്പിച്ചു. പഴുതടച്ച പൊലീസ് നീക്കത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ 26/2026 നമ്പർ റിമാൻഡ് തടവുകാരൻ.

അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിച്ചില്ല. ഐ ഫോണിന്റെ പാസ്‍വേർഡ് കൈമാറാൻ രാഹുൽ തയ്യാറായില്ല. സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണസംഘത്തോട് വെല്ലുവിളി.

ഉച്ചയോടെ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. പതിനാല് ദിവസത്തേയ്ക്ക് കോടതി രാഹുലിനെ റിമാൻഡ് ചെയ്തു. കോടതി വളപ്പിലും പിന്നീട് ജയിലിലേക്ക് എത്തിക്കുമ്പോഴും രാഹുലിന് നേരെ പ്രതിഷേധങ്ങളുയർന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു.

ആദ്യകേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ ഈ മാസം 21 വരെ വിചാരണാകോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചു. ആദ്യകേസിൽ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഒളിവിൽ പോയ രാഹുലിന് അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. അന്ന് ഏറെ പഴികേട്ട പൊലീസ് ഇക്കുറി ഏറെ ജാഗ്രതയോടെയാണ് നീക്കം നടത്തിയത്.

See also  ആര് കണ്ടില്ലേലും സിസിടിവി കാണും; യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊന്ന മലപ്പുറം സ്വദേശിയും ഭാര്യയും പിടിയിൽ

Related Articles

Back to top button