ടിപി വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതിബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് കേരളം. ഹൈക്കോടതി കുറ്റക്കാരൻ എന്ന് വിധിച്ച ജ്യോതിബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. സിപിഎം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റി അംഗമാണ് ജ്യോതിബാബു
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിന് കോടതിയെ സമീപിച്ചത്. പിന്നാലെ ജ്യോതിബാബുവിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് സർക്കാർ സത്യവാങ്മൂലം ഫയർ ചെയ്തത്. ജ്യോതിബാബുവിന് ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു
ടിപി വധക്കേസിൽ സർക്കാരും കുറ്റവാളികളും തമ്മിൽ ഒത്തുകളിക്കുന്നതായി കെ കെ രമ നേരത്തെ ആരോപിച്ചിരുന്നു. കുറ്റവാളികളുടെ ജാമ്യത്തെ പോലും സർക്കാർ എതിർക്കുന്നില്ലെന്നും രമയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ രമ ഗ്യാലറിക്ക് വേണ്ടി കളിക്കുകയാണെന്നാണ് സർക്കാർ ഇതിന് മറുപടി നൽകിയത്.



