പത്തനാപുരത്ത് പോലീസ് വാഹനം ജീപ്പ് കൊണ്ട് ഇടിച്ചു തകർത്ത സജീവൻ തമിഴ്‌നാട്ടിൽ പിടിയിൽ

കൊല്ലം പത്തനാപുരത്ത് പോലീസ് വാഹനം ഇടിച്ച് തകർത്ത ശേഷം കടന്ന് കളഞ്ഞ പ്രതി സജീവിനെ സാഹസികമായി പിടികൂടി. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലം പത്തനാപുരം പിടവൂരിൽ വച്ചാണ് ഇയാൾ സ്വന്തം ജീപ്പ് ഉപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകർത്തത്. ഇതിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിരുന്നു.
മുടിയും, മീശയും, താടിയും വെട്ടിയ ശേഷമാണ് സജീവ് തമിഴ് നാട്ടിലേക്ക് കടന്നത്. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നേരെ സജീവിനെ സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പത്തനാപുരം സി ഐ ബിജു ആർ, എസ് ഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സജീവിനെ പിടികൂടിയത്. സജീവ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പോലീസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പിടവൂരിൽ ക്ഷേത്രത്തിൽ നായയുമായി എത്തിയ കേസ് അന്വേഷിക്കാൻ എത്തിയ പോലീസിന് നേരെയാണ് കഴിഞ്ഞ ദിവസം ഇയാൾ ആക്രമണം നടത്തിയത്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്കാണ് പത്തനാപുരം പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തിൽ നായയുമായി എത്തി സജീവ് അതിക്രമം കാട്ടിയത്. തുടർന്ന് ക്ഷേത്ര ഉപദേശക സമിതി പത്തനാപുരം പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് സജീവിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ടു.
പോലീസ് മടങ്ങിപ്പോയപ്പോയതിന് പിന്നാലെ സജീവ് വണ്ടിയുമായി വീണ്ടുമെത്തി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും പൊട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് പോലീസ് വീണ്ടുമെത്തി ഇയാളെ പറഞ്ഞ് വിടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് നേരെ അക്രമം നടത്തിയത്.



