രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം; എസ്‌ഐടി റിപ്പോർട്ടും കോടതിയിലെത്തും

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്‌ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും
തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ജാമ്യം തള്ളിയുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് രാഹുലിന് പ്രതികൂലമാകാനാണ് സാധ്യത. ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം അടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർക്കും
ഗുരുതര ആരോപണങ്ങളാണ് ആദ്യ ബലാത്സംഗ കേസിലെ പരാതിക്കാരി നൽകിയ സത്യവാങ്മൂലത്തിലുള്ളത്. നേരിട്ടത് ക്രൂര പീഡനമാണെന്നും രാഹുൽ ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഈ ദൃശ്യങ്ങൾ രാഹുലിന്റെ ഫോണിലുണ്ട്. പ്രതിക്ക് ജാമ്യം നൽകിയാൽ നഗ്നദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഭയപ്പെടുന്നതായും പരാതിക്കാരി പറയുന്നു.



