ശ്വാസമെടുക്കാൻ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയിൽ കാത്ത് നിന്നു; സഹായിക്കാൻ എത്താതെ ഡോക്ടർ

തിരുവനന്തപുരം വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ നിർണായക സിസിടിവി ദൃശ്യം ലഭിച്ചു. ഗുരുതരാവസ്ഥയിൽ രോഗി എത്തിയതിനുശേഷം പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബിസ്‌മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയിട്ടും അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറായില്ല. ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്‌മീറും ഭാര്യയും ആശുപത്രിയിൽ എത്തുന്നത്, എന്നാൽ രോഗിയെ എത്തിച്ചിട്ടും ഡോക്ടർമാരോ നഴ്‌സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്.
അതേസമയം, പട്ടി കയറുന്നതിനാലാണ് ആശുപത്രിയുടെ ഗേറ്റ് പൂട്ടിയിട്ടത് എന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. വേണ്ട ചികിത്സ നൽകിയിട്ടുണ്ടെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു.
വിളപ്പിൽശാലയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ബിസ്‌മീറിനെ എത്തിച്ചെങ്കിലും 20 മിനിട്ട് മുന്നേ രോഗി മരിച്ചു എന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കടക്കം പരാതിനൽകാൻ ഒരുങ്ങുകയാണ് കുടുംബം. കൊല്ലംകൊണം സ്വദേശിയായ ബിസ്‌മീർ(37) സ്വിഗ്ഗി ജീവനക്കാരനായിരുന്നു.


